Posts

Showing posts from February, 2019

ശേഷം

മുഖത്തിന് നേരെ പിടിക്കുന്ന കണ്ണാടിയിൽ കണ്ണുകൾക്ക് പകരം ഇടതൂർന്ന ഒരു നടപ്പാത കാണുന്നു എന്ന് കരുതുക അതിൽ നിന്റെ കാലടികൾക്ക് സമാന്തരമായി കരിയിലകളുടെ നീണ്ട നിര കാണാം ഓരോ നിശ്ചലതയിലും മഴക്കാടുകൾ തേടിയുള്ള യാത്രയുടെ ഒടുങ്ങാത്ത തുടക്കങ്ങൾ.  ഇമകൾക്കിടയിൽ പ്രളയത്തിന്റെ മുന്നൊരുക്കങ്ങൾ, വേനലായി മാറുന്ന ധമനികൾ. ഭൂപടങ്ങൾ തേടിയുള്ള യാത്രയിൽ നീ ഉരിഞ്ഞിടുന്ന കാലം പിന്നീട് വിടരാൻ ഒരു പൂമൊട്ടു പോലും നീ ബാക്കി വെച്ചിട്ടില്ലെന്നിരിക്കേ നിന്റെ ശൈത്യം നിന്നിലേയ്ക്ക് തന്നെ തിരികെ വന്നുകൊണ്ടേയിരിക്കും ഉടയുന്ന കണ്ണാടി ചില്ല്, ദിശയറിയാ കണ്ണുകളായിരം കൂട്ടിമുട്ടുന്ന പാതകൾ, വഴികളടഞ്ഞ് വഴികൾ പിൻവാങ്ങുന്ന കാഴ്ച്ച ശേഷം ചിന്തനീയം

നിശബ്ദം

കടിച്ചുപിടിക്കുന്ന ചുണ്ടുകൾക്കിടയിൽ കുടുങ്ങുന്ന ശബ്ദമാണ് ഭൂകമ്പമാകുന്നത്. അവയുടെ പരികല്പനകൾ എഴുതാത്ത ഗീതങ്ങളും അറിയാത്ത ലോകങ്ങളും. കാലടികൾ കൊണ്ട് മാത്രം അളക്കാവുന്ന നഷ്ട്ടങ്ങൾ സ്മൃതിയുടെ നേർരേഖകൾ മൂർച്ചയേറിയ വാൾമുന വിജാഗിരികൾ കടത്തിവിടുന്ന പ്രകാശഗതികൾ. കഥകൾ ഏറും തോറും മായുന്ന യവനിക, ഇറങ്ങി നടക്കുന്ന കഥാതന്തുക്കൾ, രംഗബോധമില്ലാത്ത കഥാപാത്രങ്ങൾ യുദ്ധഭൂമിയിലെ മനുഷ്യ പൂക്കളങ്ങൾ, കഥനങ്ങൾ, മഴ പെറാത്ത മേഘങ്ങൾ. കൂരിരുട്ടിനും ആഴക്കടലിനും തമ്മിൽ എന്ത് ബന്ധം എന്നാലോചിച്ചാൽ, അന്ധതയെന്നോ വേദനയെന്നോ പറയാത്തവരുടെ ഭാഷയാണെന്റെ വെളിച്ചം. പുറപ്പെടാത്ത ശബ്ദങ്ങൾ സന്ധ്യയുടെ നിറമായി നിന്നിൽ പടരുന്നത് കാണാം ഭൂമിയെ പിളർക്കാതെ നിന്റെ ലോകം തേടാൻ നീയൊരു കടൽക്കര വിലയ്ക്ക് വാങ്ങണം നഗരത്തിന്റ വെയിലറുതികൾ നിഴലായി കോറിയിടണം. ഉള്ളിലുടക്കുന്ന അലമുറകൾ  തലതല്ലി, തിരയടിച്ചു നിന്നിൽ നിന്നിറങ്ങി ആകാശമായും, പിന്നീട് മഹാസമുദ്രമായും രൂപാന്തരപ്പെടും.  അന്നു നീ എഴുതുക, നീറി മരിച്ച നിശബ്ദതയെ കുറിച്ച്

വിളിക്കാൻ മറന്നവ

തെറി വിളി രാഷ്ട്രീയമാക്കിയ ഒരുവളുണ്ടായിരുന്നു. പശുവിന് കാടി കലക്കുമ്പോളും തുണി അലക്കുമ്പോളും മുറ്റമടിക്കുമ്പോളും ചന്തയിൽ കവടി നിരത്തുമ്പോളും അവൾ ആരോഹണാവരോഹണങ്ങളിൽ തെറി വിളിച്ചു പോന്നു. ചീറി നിന്ന അവളെ പ്രാപിക്കയെന്നാൽ കൊടുമുടികളെ കീഴടക്കുക എന്ന് ചിലർ വ്യാമോഹപ്പെട്ടു. എന്നാൽ, മനുഷ്യനടുക്കാത്ത തമോഗർത്തങ്ങൾ പോലെ അവൾ കനത്തു നിന്നു. ജീവിക്കയെന്നാൽ, മുൻപേ പറക്കുന്ന കാലത്തെ മൂന്നണയ്ക്ക് വിൽക്കുക എന്നവൾ തീർത്തു പറഞ്ഞു. അവളുടെ പ്രതലങ്ങളിൽ പൊട്ടി വിടർന്ന സന്ധ്യകളെ അവൾ നാടു കടത്തി. പാറപോലുറച്ചവൾക്കുള്ളിലെ തെളിമ എന്ന ശാസനം പുച്ഛിച്ചു തള്ളി അവൾ തെറി ഭജിച്ചു. അവൾ പുലമ്പിയ തെറികളത്രെ അവൾ നടത്തിയ യുദ്ധങ്ങൾ. അതിർത്തികൾ കോറിയിട്ടു സാമ്രാജ്യം പകുത്തവൾ മറുപകുതിയിൽ വിശാലമായ രാത്രിയായി. കൂമനും കുറുകലിനുമിടയിൽ അവൾ ഇറങ്ങി നടന്നു. നാട്ടുവഴികളുടെ നനവ് അവളുടെ പാദങ്ങളിലെന്നോണം, ആകാശം കായ്ക്കുന്ന കണ്ണിമകൾ ദിവാസ്വപ്നങ്ങൾക്കെത്ര ദൂരം സഞ്ചരിക്കാനാവുമെന്നവളോട് ചോദിച്ചാൽ പറയും, ആട്ടി തുപ്പിയ കാലങ്ങളെ കോർത്തിണക്കി നോക്കാൻ.

മടക്കമില്ലാത്ത യാത്രകൾ

വേനലിന്റെ കാൻവാസിലെ ഉണങ്ങിയ ചെമ്പൻ വരകളിൽ നിന്നടർന്നു വീഴുന്ന ബിന്ദുക്കൾ, ഒന്നിനു പിറകെ ഒന്നായി പറന്നകലുന്ന പക്ഷിക്കൂട്ടം. സന്ധ്യയുടെ മണമെന്നാൽ, ജനാലയിൽ നിന്ന് കടലിലേയ്ക്കുള്ള ദൂരം. ഓരോ കാറ്റും ഓരോ കാലം ചിലപ്പോൾ ഒന്നിനു മേലെ ഒന്നായി മുഖങ്ങൾ, നീയും നിന്റെ ആവർത്തനങ്ങളും ഉത്ഭവങ്ങൾക്കും യാഥാർത്ഥ്യത്തിനും ചരിത്രമില്ലാത്ത പക്ഷം,  വിഭ്രാന്തികൾ കാട്ടിലേയ്ക്കുള്ള മടക്കങ്ങളുടെ ഉപമപേറാത്ത സത്യാനന്തരം. കല്ലിച്ച മുലഞെട്ടുകൾ, ഒഴുക്കാത്ത ദ്രാവകം, നിന്റെ വിശപ്പ് എന്റെയും.