നിശബ്ദം

കടിച്ചുപിടിക്കുന്ന ചുണ്ടുകൾക്കിടയിൽ കുടുങ്ങുന്ന ശബ്ദമാണ് ഭൂകമ്പമാകുന്നത്.
അവയുടെ പരികല്പനകൾ
എഴുതാത്ത ഗീതങ്ങളും
അറിയാത്ത ലോകങ്ങളും.

കാലടികൾ കൊണ്ട് മാത്രം അളക്കാവുന്ന നഷ്ട്ടങ്ങൾ

സ്മൃതിയുടെ നേർരേഖകൾ
മൂർച്ചയേറിയ വാൾമുന
വിജാഗിരികൾ കടത്തിവിടുന്ന പ്രകാശഗതികൾ.

കഥകൾ ഏറും തോറും മായുന്ന യവനിക, ഇറങ്ങി നടക്കുന്ന കഥാതന്തുക്കൾ,
രംഗബോധമില്ലാത്ത കഥാപാത്രങ്ങൾ
യുദ്ധഭൂമിയിലെ മനുഷ്യ പൂക്കളങ്ങൾ,
കഥനങ്ങൾ,
മഴ പെറാത്ത മേഘങ്ങൾ.

കൂരിരുട്ടിനും ആഴക്കടലിനും തമ്മിൽ എന്ത് ബന്ധം എന്നാലോചിച്ചാൽ,
അന്ധതയെന്നോ വേദനയെന്നോ പറയാത്തവരുടെ ഭാഷയാണെന്റെ വെളിച്ചം.

പുറപ്പെടാത്ത ശബ്ദങ്ങൾ സന്ധ്യയുടെ നിറമായി നിന്നിൽ പടരുന്നത് കാണാം
ഭൂമിയെ പിളർക്കാതെ നിന്റെ ലോകം തേടാൻ നീയൊരു കടൽക്കര വിലയ്ക്ക് വാങ്ങണം
നഗരത്തിന്റ വെയിലറുതികൾ നിഴലായി കോറിയിടണം.
ഉള്ളിലുടക്കുന്ന അലമുറകൾ 
തലതല്ലി, തിരയടിച്ചു നിന്നിൽ നിന്നിറങ്ങി ആകാശമായും, പിന്നീട് മഹാസമുദ്രമായും രൂപാന്തരപ്പെടും. 

അന്നു നീ എഴുതുക, നീറി മരിച്ച
നിശബ്ദതയെ കുറിച്ച്

Comments

Popular posts from this blog

നാൾവഴികൾ

ഇരുളിനൊടുവിൽ ഇരുൾ മാത്രം.

പ്രേരണകൾക്ക് പറയുവാനുള്ളത്