വിളിക്കാൻ മറന്നവ

തെറി വിളി രാഷ്ട്രീയമാക്കിയ ഒരുവളുണ്ടായിരുന്നു.
പശുവിന് കാടി കലക്കുമ്പോളും
തുണി അലക്കുമ്പോളും
മുറ്റമടിക്കുമ്പോളും
ചന്തയിൽ കവടി നിരത്തുമ്പോളും
അവൾ ആരോഹണാവരോഹണങ്ങളിൽ തെറി വിളിച്ചു പോന്നു.

ചീറി നിന്ന അവളെ പ്രാപിക്കയെന്നാൽ കൊടുമുടികളെ കീഴടക്കുക എന്ന് ചിലർ വ്യാമോഹപ്പെട്ടു.
എന്നാൽ, മനുഷ്യനടുക്കാത്ത തമോഗർത്തങ്ങൾ പോലെ അവൾ കനത്തു നിന്നു.

ജീവിക്കയെന്നാൽ, മുൻപേ പറക്കുന്ന കാലത്തെ
മൂന്നണയ്ക്ക് വിൽക്കുക എന്നവൾ തീർത്തു പറഞ്ഞു.
അവളുടെ പ്രതലങ്ങളിൽ പൊട്ടി വിടർന്ന സന്ധ്യകളെ അവൾ നാടു കടത്തി.
പാറപോലുറച്ചവൾക്കുള്ളിലെ തെളിമ എന്ന ശാസനം പുച്ഛിച്ചു തള്ളി
അവൾ തെറി ഭജിച്ചു.

അവൾ പുലമ്പിയ തെറികളത്രെ അവൾ നടത്തിയ യുദ്ധങ്ങൾ.
അതിർത്തികൾ കോറിയിട്ടു സാമ്രാജ്യം പകുത്തവൾ മറുപകുതിയിൽ വിശാലമായ രാത്രിയായി.
കൂമനും കുറുകലിനുമിടയിൽ
അവൾ ഇറങ്ങി നടന്നു.
നാട്ടുവഴികളുടെ നനവ് അവളുടെ പാദങ്ങളിലെന്നോണം,
ആകാശം കായ്ക്കുന്ന
കണ്ണിമകൾ

ദിവാസ്വപ്നങ്ങൾക്കെത്ര ദൂരം സഞ്ചരിക്കാനാവുമെന്നവളോട് ചോദിച്ചാൽ പറയും,
ആട്ടി തുപ്പിയ കാലങ്ങളെ കോർത്തിണക്കി നോക്കാൻ.

Comments

Popular posts from this blog

ഒറ്റവഴിയാകാശങ്ങൾ

ഇരുളിനൊടുവിൽ ഇരുൾ മാത്രം.

കവിതയാകുന്നവൾ