ചില ഭയപ്പാടുകളെ, മുറിവാഴങ്ങളെ കൈകുഞ്ഞുങ്ങളെയെന്ന പോലെ ചേർത്ത് പിടിക്കണം. അവ ചോരുകയെന്നാൽ, നീ അടരുക എന്നർത്ഥം. മുറ്റം നിറയെ പെയ്തിറങ്ങിയ അത്തിക്കറകൾ നിന്നിലേയ്ക്ക് തിരികെ വരാതെ, ദൂരേയ്ക്ക് ദൂരയ്ക്ക് മാറി നിൽക്കും. മഴയായി പുഴയായി അതെങ്ങോ മറയുമ്പോൾ നിനക്ക് നിന്നെ നഷ്ട്ടപ്പെടും. പിന്നാമ്പുറത്ത് വാരിയിട്ട ആക്രി വില്ക്കും പോലല്ല നിന്റെ നാഡികൾ കൈമാറ്റം ചെയ്യപ്പെടേണ്ടത്. കൂടെയുണ്ടെന്നോരോ ഋതുവിലും ഓർമ്മപ്പെടുത്തും തൃഷ്ണ പോലെ, നിന്റെ ജൽപനങ്ങൾ നിന്നോട് ചേർന്ന് നിൽക്കണം നീ പറഞ്ഞു തീർത്ത മനസ്സാഴങ്ങൾ കിളികൾ കൊത്തി പോകരുത്. വഴിവക്കിൽ, മറവിയിൽ, മറ്റാനന്ദങ്ങളിൽ അവ, നിന്നെപ്പോലെ, അനാഥമാക്കപ്പെടും. വാർന്നൊലിച്ചു നിൽക്കുന്ന നീ, ഒരിക്കലും, ഒരുപമയോളം വളരില്ല
Posts
Showing posts from October, 2019
ഇരുളിനൊടുവിൽ ഇരുൾ മാത്രം.
- Get link
- X
- Other Apps
എങ്ങോ പൊട്ടിമുളച്ച കൂണുകൾ പോലെ, ലോകമറിയാതെ രണ്ട് പേർ സുഹൃത്തുക്കളാവുക എന്നാൽ, ഒരു നിതാന്ത ശൈത്യത്തെ നെഞ്ചിലേൽക്കുക എന്നർത്ഥം. രാവ് പകലാവുകയും, വീണ്ടും ഇരുളുകയും ചെയ്യുന്ന ചക്രവേഗങ്ങളിൽ, കൈമാറുന്ന ആത്മഹർഷങ്ങൾ, മനസ്സിനെ നനുത്ത് പിൻമാറുന്ന ഉടൽ. ഒറ്റവഴിയാകാശങ്ങളുടെ നിറങ്ങൾക്കിടയിലും ക്ഷണ വേഗത്തിൽ ചുരുങ്ങി പിടയുന്ന കാലം, ഹൃദയമിടറുന്ന പടവുകൾ ശാശ്വതം എന്ന ദിശാസൂചിക, രണ്ടടിയപ്പുറം കൊടിയിറങ്ങുന്നു. ഉത്സവ പറമ്പുകൾക്ക് മാത്രമറിയാവുന്ന ചില ശേഷിപ്പുകൾ. വാക്കുകളുടെ പെരുമഴയെന്നാൽ കടൽ മറന്ന് വെച്ച് പോയ നക്ഷത്രങ്ങൾ. അതിൽ നീയും, നീയും മാത്രമാകുന്ന അമ്പരപ്പുകൾ വീണ്ടും വീണ്ടും. ഒരു മഴയിൽ കുതിരാനുള്ളതേയുള്ളു ഈ വസന്തമെങ്കിൽ, പെണ്ണേ നിനക്കെന്തിനീ ഇളവെയിൽ?
ജലത്തിനുമീതെ പതിയുന്ന നിഴലുകൾ
- Get link
- X
- Other Apps
ദീർഘഭാഷണങ്ങൾ ചെന്നിറങ്ങുന്നത് മഞ്ഞുറഞ്ഞ മൗനങ്ങളിലേയ്ക്കാണ്. മഞ്ഞിലകൾ അടർന്ന് കാറ്റിലാടിപതിയും പോലെ, ഉറുമ്പുകൾ സന്ധിചേരും പോലെ, തികച്ചും നിസ്സംഗമായി മനസ്സടർന്ന വാക്കുകൾ മണ്ണിൽ പൂഴ്ന്ന് കിടക്കും. ഓരോ യാത്രയ്ക്കും എത്തിപ്പെടാനാവാത്ത ദൂരങ്ങളുണ്ട്. കാൽപ്പാടുകൾ മാത്രമവശേഷിക്കുന്ന ഇരവുകൾ മലയിറങ്ങുന്ന ജടാധാരികൾ കരുതുന്ന ആകസ്മികതകൾ. യാത്രയിലുടനീളം വീശുന്ന തണുത്ത കാറ്റ്, നിറഞ്ഞ വേനലിൽ നിന്നടർന്നു വീണ മാമ്പൂവുകൾ, സന്ധ്യയിൽ നിന്ന് സന്ധ്യയിലേയ്ക്ക് കൂറ് മാറുന്ന ആകാശച്ചുവപ്പ് അവൾ കാട്ടിലേയ്ക്കുള്ള വഴിയിൽ കാടായി മാറുന്നവൾ.