ചില ഭയപ്പാടുകളെ, മുറിവാഴങ്ങളെ കൈകുഞ്ഞുങ്ങളെയെന്ന പോലെ ചേർത്ത് പിടിക്കണം.
അവ ചോരുകയെന്നാൽ, നീ അടരുക എന്നർത്ഥം. 

മുറ്റം നിറയെ പെയ്തിറങ്ങിയ അത്തിക്കറകൾ നിന്നിലേയ്ക്ക് തിരികെ വരാതെ, ദൂരേയ്ക്ക് ദൂരയ്ക്ക് മാറി നിൽക്കും.
മഴയായി പുഴയായി അതെങ്ങോ മറയുമ്പോൾ നിനക്ക് നിന്നെ നഷ്ട്ടപ്പെടും. 

പിന്നാമ്പുറത്ത് വാരിയിട്ട ആക്രി വില്ക്കും പോലല്ല നിന്റെ നാഡികൾ കൈമാറ്റം ചെയ്യപ്പെടേണ്ടത്. 
കൂടെയുണ്ടെന്നോരോ ഋതുവിലും ഓർമ്മപ്പെടുത്തും തൃഷ്ണ പോലെ, 
നിന്റെ ജൽപനങ്ങൾ നിന്നോട് ചേർന്ന് നിൽക്കണം

നീ പറഞ്ഞു തീർത്ത മനസ്സാഴങ്ങൾ
കിളികൾ കൊത്തി പോകരുത്.
വഴിവക്കിൽ, മറവിയിൽ, മറ്റാനന്ദങ്ങളിൽ അവ, നിന്നെപ്പോലെ,
അനാഥമാക്കപ്പെടും.

വാർന്നൊലിച്ചു നിൽക്കുന്ന നീ, ഒരിക്കലും, ഒരുപമയോളം 
വളരില്ല



Comments

Popular posts from this blog

ഒറ്റവഴിയാകാശങ്ങൾ

ഇരുളിനൊടുവിൽ ഇരുൾ മാത്രം.

കവിതയാകുന്നവൾ