Posts

Showing posts from December, 2018

കവിതയാകുന്നവൾ

ഒരുവളുടെ ഭാഷ അവളുടെ നിഴൽ കുത്തുകളുടെ അടയാളമാണ്  അടുപ്പ് കൂട്ടിയും  പിന്നെയും പെറ്റും, തൊഴിലെടുത്തും പല ദിക്കുകളിലേയ്ക്ക് വാർന്നൊഴുകിയും, അവൾ സ്വരുകൂട്ടുന്ന  അക്ഷര പിശകുകൾ.  വ്യാകരണ തെറ്റുകളുടെ പല ഭാഷകൾ സംസാരിച്ച്  ഭാഷയില്ലാതായിത്തീർന്നവൾ.  അവളുടെ ലിഖിതങ്ങൾ, മൊഴി മാറ്റങ്ങളെ അസാധുവാക്കുന്ന ഭാഷാശാസ്ത്രം. പേറൊന്നിന് കുളിയും തീണ്ടാരിത്തുണികളും എന്ന രൂപകത്തിൽ നിന്ന്  കവിതകളുടെ തീണ്ടാരിപ്പെരുമഴയിലേയ്ക്കവൾ നടന്നു കയറുമ്പോൾ, ഭാഷയുടെ കയങ്ങളിലവൾ ആർത്തുലയുന്നതു കാണാം നിന്റെ വരികൾക്കുമീതെ അവൾ ചോര തുപ്പുമ്പോൾ, കരുതിക്കോളൂ, നിന്റെ അക്ഷരവടിവുകളുടെ വിപ്ലവത്തെ അവൾ ചേറ് കൊണ്ട് മൂടിയെന്ന്.  അവൾ നെയ്ത ദിനരാത്രങ്ങൾ, തെളിഞ്ഞെരിയുന്ന കണ്ണിമകൾ നടവഴിയുടെ കഥനങ്ങൾ അക്ഷരങ്ങൾ നിന്റെ ഭൂപടം മുങ്ങിത്താഴുന്ന സമുദ്രരസം, അവളുടെ വാക്കോർമ്മകൾ. 

ഒറ്റവഴിയാകാശങ്ങൾ

ഒറ്റയടിപ്പാതകൾക്കൊരു ചരിത്രമുണ്ട്, ഉൻമാദിയുടെ ചങ്ങലപ്പാടു പോലെ മുന്നിൽ ഉദയവും പിന്നിൽ സുവർണ്ണാകാശവും ഇന്നലെകൾ വൻമരമായി,  കലയായി, കാടായി നിന്നിലേയ്ക്കൊഴുകി വരും. കാറ്റിലുലയാത്ത നിന്റെ ശിഖരങ്ങൾ, കനലാകുന്ന കാലടികൾ നിന്റെ യാത്രകൾക്ക് മടക്കങ്ങളില്ല അവ ഒന്നിലും അലിയുന്നുമില്ല. വിദൂര നക്ഷത്രം പോലെ എന്ന പാഴുപമയുമില്ല. നിശ്ചലതയെ പിഴുതെറിയുന്ന ചലനങ്ങൾ മാത്രം ഗതിയില്ലാത്ത നാട്ടുവഴികളിലെ പുല്ലുകിളിർക്കാത്ത കോമരങ്ങൾ

മദ്ധ്യേയിങ്ങനെയിങ്ങനെ

പുഴയറിയാതെ, ഒരു തോണിയിൽ നിന്ന്, മറ്റൊന്നിലേയ്ക്ക് മാറിക്കയറണം ശ്വാസം പോലെ ഓളങ്ങൾ,   കാൽവെപ്പുകളുടെ താളം. കരയിലേയ്ക്ക് മടങ്ങുന്ന തോണിയിൽ ബാക്കിയാകുന്ന നിലാവ്.  ഒഴിഞ്ഞ മാറിടങ്ങൾ, നിനയ്ക്കാത്ത രാവുകൾ.  കരുതിവെച്ച സന്ധ്യകൾ. പുഴയറിയാത്ത യാത്രയിൽ  ദൂരക്കാഴ്ച്ചകളിലെ അപേക്ഷിക്ക സിദ്ധാന്തങ്ങൾ,  നേരമിരുളാത്ത രാപ്പകലുകൾ വസന്തം, വാക്കായി മുനയായി,  ഒരാൾരൂപം. വീണ്ടും, യാത്രയിലിടനേരം കാറ്റിലുഴയുന്ന തോണികൾ. നിറച്ചാർത്തുകൾ. പുഴ തേടുന്ന തോണി ഓളങ്ങൾ തേടും പുഴ

ആവർത്തനങ്ങൾ

സഹസ്രാബ്ദങ്ങൾ ഒറ്റ പുക ചുരുളിൽ വിടരുന്ന ഒരു കാലമുണ്ട്. അന്ന് നീ, ഇന്നും നീ അരയാലുപോലെ. വലിയ ചതിപ്പുകളുടെ ഒത്ത മധ്യം. കാലം കരുതിവെയ്ക്കുന്ന ആവർത്തനങ്ങൾ. നീണ്ട വർത്തമാനങ്ങൾക്കൊടുവിൽ പുറപ്പെട്ട് പോകുന്ന വാക്കുകൾ, തുന്നൽ വിട്ട വിരലടുപ്പങ്ങൾ സ്വന്തമാക്കാനാഗ്രഹിച്ച കണ്ണടയ്ക്കുന്ന പാവയ്ക്കും ഇന്നവനിലെ അന്ധതയ്ക്കും ഒരേ രുചി

മറയുവോളം

നീന്താൻ അറിയുന്നവർ കടലിലേയ്ക്ക് നടക്കരുത് അവർ, മരങ്ങൾക്കിടയിൽ മുങ്ങിത്താഴാൻ ശ്രമിക്കുക ചാഞ്ഞ് വരുന്ന ചില്ലകളേയോ ചെറു കാറ്റിലകളെയോ കാണരുത്, കണ്ണുകളെ കടലാക്കുക കുഞ്ഞുനാളിലെ ഊഞ്ഞാൽ യാത്രകളിലെന്നോണം വെളിച്ചത്തിന് കുറുകെ പറന്നുയരുക കരിയിലകൾ, കരിയിലകൾ മാത്രമാണ് നിന്നെ ആരും തിരികെ വിളിക്കാനില്ല കായലും കടലും എന്നോണം നീയും ആകാശമാവുക. മറയുക. അതിർത്തികൾ താണ്ടുമ്പോൾ താഴെ നിലാവു കാണാം നടന്നിറങ്ങിയ വഴികൾ പാതിയിൽ കുന്നായി മാറിയതു കണ്ടാൽ നീ തിരികെ പോരുക ഒരു അഭയാർത്ഥിയുടെ യുഗം കഴിഞ്ഞെങ്കിൽ, മടങ്ങുക കാട്ടിലേയ്ക്ക്, പച്ചയുടെ രതിമൂർച്ചകളിൽ നീ ഒരു മറവിയാവുക