Posts

നാൾവഴികൾ

കടലെടുത്ത് പോകുന്ന കര, വേരറ്റ അവൾ. ഒരു വേള, ഓർക്കാപ്പുറത്ത്,  ശബ്ദമുള്ള സ്വപ്നമായി, അവൻ കടല് കാണാൻ പോയവൾ പെരുമഴയായി പെയ്തിറങ്ങും, അവൻ അസ്തമന ചുവപ്പായും. പക്ഷെ, അവ നിനവുകളുടെ ഏകാന്തത മാത്രം.  ഏഴാം നാൾരാവിനൊടുവിൽ അവളുടെ കാഴ്ച്ച തെളിഞ്ഞ് വരും പക്ഷെ, ഏഴാം നാൾ എന്നത് ആവർത്തിക്കപ്പെടാവുന്ന മറുപുറങ്ങളാണ്.  ഏഴാം തിര പോലെ നിന്റെ കാൽപാദങ്ങളെ പിളർക്കാൻ കെൽപ്പുള്ളവ. ആർപ്പുവിളികൾക്കിടയിൽ ദിശമാറിയൊഴുകിയ തോണി.  വാക്കുകൾ കൊണ്ട് പണിത അകലങ്ങൾ,  എത്ര പെട്ടെന്ന്,  എത്ര പെട്ടെന്ന് കഥയിറങ്ങിപ്പോകുന്നു,  വിജനമാകുന്ന താളുകൾ അവളുടെ കണ്ണുകളിൽ നിറയുന്ന വെളുത്ത ആകാശം
ചില ഭയപ്പാടുകളെ, മുറിവാഴങ്ങളെ കൈകുഞ്ഞുങ്ങളെയെന്ന പോലെ ചേർത്ത് പിടിക്കണം. അവ ചോരുകയെന്നാൽ, നീ അടരുക എന്നർത്ഥം.  മുറ്റം നിറയെ പെയ്തിറങ്ങിയ അത്തിക്കറകൾ നിന്നിലേയ്ക്ക് തിരികെ വരാതെ, ദൂരേയ്ക്ക് ദൂരയ്ക്ക് മാറി നിൽക്കും. മഴയായി പുഴയായി അതെങ്ങോ മറയുമ്പോൾ നിനക്ക് നിന്നെ നഷ്ട്ടപ്പെടും.  പിന്നാമ്പുറത്ത് വാരിയിട്ട ആക്രി വില്ക്കും പോലല്ല നിന്റെ നാഡികൾ കൈമാറ്റം ചെയ്യപ്പെടേണ്ടത്.  കൂടെയുണ്ടെന്നോരോ ഋതുവിലും ഓർമ്മപ്പെടുത്തും തൃഷ്ണ പോലെ,  നിന്റെ ജൽപനങ്ങൾ നിന്നോട് ചേർന്ന് നിൽക്കണം നീ പറഞ്ഞു തീർത്ത മനസ്സാഴങ്ങൾ കിളികൾ കൊത്തി പോകരുത്. വഴിവക്കിൽ, മറവിയിൽ, മറ്റാനന്ദങ്ങളിൽ അവ, നിന്നെപ്പോലെ, അനാഥമാക്കപ്പെടും. വാർന്നൊലിച്ചു നിൽക്കുന്ന നീ, ഒരിക്കലും, ഒരുപമയോളം  വളരില്ല

ഇരുളിനൊടുവിൽ ഇരുൾ മാത്രം.

എങ്ങോ പൊട്ടിമുളച്ച കൂണുകൾ പോലെ, ലോകമറിയാതെ രണ്ട് പേർ സുഹൃത്തുക്കളാവുക എന്നാൽ, ഒരു നിതാന്ത ശൈത്യത്തെ നെഞ്ചിലേൽക്കുക എന്നർത്ഥം.  രാവ് പകലാവുകയും, വീണ്ടും ഇരുളുകയും ചെയ്യുന്ന ചക്രവേഗങ്ങളിൽ,  കൈമാറുന്ന ആത്മഹർഷങ്ങൾ, മനസ്സിനെ നനുത്ത് പിൻമാറുന്ന ഉടൽ.  ഒറ്റവഴിയാകാശങ്ങളുടെ നിറങ്ങൾക്കിടയിലും ക്ഷണ വേഗത്തിൽ ചുരുങ്ങി പിടയുന്ന കാലം,   ഹൃദയമിടറുന്ന പടവുകൾ ശാശ്വതം എന്ന ദിശാസൂചിക,  രണ്ടടിയപ്പുറം കൊടിയിറങ്ങുന്നു. ഉത്സവ പറമ്പുകൾക്ക് മാത്രമറിയാവുന്ന ചില ശേഷിപ്പുകൾ. വാക്കുകളുടെ പെരുമഴയെന്നാൽ കടൽ മറന്ന് വെച്ച് പോയ നക്ഷത്രങ്ങൾ. അതിൽ നീയും, നീയും മാത്രമാകുന്ന അമ്പരപ്പുകൾ വീണ്ടും  വീണ്ടും.  ഒരു മഴയിൽ കുതിരാനുള്ളതേയുള്ളു ഈ വസന്തമെങ്കിൽ, പെണ്ണേ നിനക്കെന്തിനീ ഇളവെയിൽ?

ജലത്തിനുമീതെ പതിയുന്ന നിഴലുകൾ

ദീർഘഭാഷണങ്ങൾ ചെന്നിറങ്ങുന്നത്  മഞ്ഞുറഞ്ഞ മൗനങ്ങളിലേയ്ക്കാണ്. മഞ്ഞിലകൾ അടർന്ന് കാറ്റിലാടിപതിയും പോലെ, ഉറുമ്പുകൾ സന്ധിചേരും പോലെ, തികച്ചും  നിസ്സംഗമായി മനസ്സടർന്ന വാക്കുകൾ മണ്ണിൽ പൂഴ്ന്ന് കിടക്കും. ഓരോ യാത്രയ്ക്കും എത്തിപ്പെടാനാവാത്ത ദൂരങ്ങളുണ്ട്. കാൽപ്പാടുകൾ മാത്രമവശേഷിക്കുന്ന ഇരവുകൾ മലയിറങ്ങുന്ന ജടാധാരികൾ കരുതുന്ന ആകസ്മികതകൾ. യാത്രയിലുടനീളം വീശുന്ന തണുത്ത കാറ്റ്, നിറഞ്ഞ വേനലിൽ നിന്നടർന്നു വീണ മാമ്പൂവുകൾ, സന്ധ്യയിൽ നിന്ന് സന്ധ്യയിലേയ്ക്ക് കൂറ് മാറുന്ന ആകാശച്ചുവപ്പ് അവൾ കാട്ടിലേയ്ക്കുള്ള വഴിയിൽ കാടായി മാറുന്നവൾ.

കണ്ടെടുപ്പുകൾ

ഭൂമിയുടെ പിളർപ്പുകളിൽ മനുഷ്യർ സ്നേഹമന്വേഷിക്കുന്നു. ദിശയില്ലായ്മയിൽ, ഭൂമിക മാറുന്നതും കരകടലാകുന്നതും  കിളിക്കൂടുകൾ ഒഴിയുന്നതും അറിയാതെ, ശരവേഗങ്ങളിൽ  പതറുന്ന കൈവിരലുകൾ  വാക്കുകൾ കൊണ്ട് തീർക്കുന്ന പാലങ്ങൾ, ഒരു മഴയിൽ കുതിരുമ്പോൾ കാടുകളൊഴിയുന്നു.  കണ്ണിനുമീതെ കനലെന്ന പോലെ, വേനൽ നിന്റെ ധർമ്മം ആപേക്ഷികമെങ്കിലും ധർമ്മപുത്രരുടെ കാലടികളോടൊപ്പം  നീയും നിന്റെ ഋതുക്കളും. തിരിഞ്ഞുനോട്ടങ്ങളില്ലാത്ത ദുരവസ്ഥ.  കഥാബീജത്തെ കഥയിൽ തിരയുന്ന വായന പോലെ നിന്റെ അന്വേഷണങ്ങൾ ഒരേ വഴിത്താരയിൽ വീണ്ടും വീണ്ടും. നിത്യയാത്രികയുടെ പൊരുൾ ഒരുവേള തിരിച്ചറിയുകയെന്നാൽ, ഭൂമിയിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ  ചിരി മായാത്ത പൂങ്കാവനങ്ങൾ തേടുകയെന്നർത്ഥം. 

നിശ്ചലത

ഒടുവിൽ നീ കണക്കെടുക്കുമ്പോൾ, നഷ്ട്ടങ്ങളെക്കുറിച്ച് ചിന്തിക്കയരുത് കായലിൽ നിന്ന് കടലിലേയ്ക്കുള്ള ദൂരമത്രേ നിന്റെ ചേതനയും നിശ്ചലതയ്ക്കുമിടയിൽ. വേനൽമഴയോളം അപ്രതീക്ഷിതം, മനുഷ്യർ കൊഴിയുന്ന മാത്രകൾ നീ തേടിയ തുരുത്തുകൾ പ്രളയത്തിനു മീതെ ഒഴുകുന്ന രാജ്യങ്ങൾ.  എഴുത്തിനൊടുവിലെ  മറവി പോലെ, പെയ്തൊഴിഞ്ഞ  മേഘം പോലെ,  നിശ്ചലത. വാക്കുകൾ, വർണ്ണങ്ങൾ  വഴിയിലുപേക്ഷിച്ചു പോരുന്ന കുഞ്ഞുങ്ങൾ.  ഹൃദയമുള്ള ഭ്രാന്തിനുമീതെ പറക്കുന്ന, മിടുപ്പുകെട്ട ആലസ്യങ്ങൾ കരയിലേയ്ക്ക് അടുക്കുവാൻ മടിക്കുന്ന കപ്പലുകൾ സാദ്ധ്യമാക്കുന്ന മുങ്ങാങ്കുഴികൾ കെട്ടിക്കിടപ്പിൽ ചണ്ടിയാകുന്ന, ജീവനോടെ മരണപ്പെടുന്ന പ്രണയങ്ങൾ.

ശേഷം

മുഖത്തിന് നേരെ പിടിക്കുന്ന കണ്ണാടിയിൽ കണ്ണുകൾക്ക് പകരം ഇടതൂർന്ന ഒരു നടപ്പാത കാണുന്നു എന്ന് കരുതുക അതിൽ നിന്റെ കാലടികൾക്ക് സമാന്തരമായി കരിയിലകളുടെ നീണ്ട നിര കാണാം ഓരോ നിശ്ചലതയിലും മഴക്കാടുകൾ തേടിയുള്ള യാത്രയുടെ ഒടുങ്ങാത്ത തുടക്കങ്ങൾ.  ഇമകൾക്കിടയിൽ പ്രളയത്തിന്റെ മുന്നൊരുക്കങ്ങൾ, വേനലായി മാറുന്ന ധമനികൾ. ഭൂപടങ്ങൾ തേടിയുള്ള യാത്രയിൽ നീ ഉരിഞ്ഞിടുന്ന കാലം പിന്നീട് വിടരാൻ ഒരു പൂമൊട്ടു പോലും നീ ബാക്കി വെച്ചിട്ടില്ലെന്നിരിക്കേ നിന്റെ ശൈത്യം നിന്നിലേയ്ക്ക് തന്നെ തിരികെ വന്നുകൊണ്ടേയിരിക്കും ഉടയുന്ന കണ്ണാടി ചില്ല്, ദിശയറിയാ കണ്ണുകളായിരം കൂട്ടിമുട്ടുന്ന പാതകൾ, വഴികളടഞ്ഞ് വഴികൾ പിൻവാങ്ങുന്ന കാഴ്ച്ച ശേഷം ചിന്തനീയം