Posts

നാൾവഴികൾ

കടലെടുത്ത് പോകുന്ന കര, വേരറ്റ അവൾ. ഒരു വേള, ഓർക്കാപ്പുറത്ത്,  ശബ്ദമുള്ള സ്വപ്നമായി, അവൻ കടല് കാണാൻ പോയവൾ പെരുമഴയായി പെയ്തിറങ്ങും, അവൻ അസ്തമന ചുവപ്പായും. പക്ഷെ, അവ നിനവുകളുടെ ഏകാന്തത മാത്രം.  ഏഴാം നാൾരാവിനൊടുവിൽ അവളുടെ കാഴ്ച്ച തെളിഞ്ഞ് വരും പക്ഷെ, ഏഴാം നാൾ എന്നത് ആവർത്തിക്കപ്പെടാവുന്ന മറുപുറങ്ങളാണ്.  ഏഴാം തിര പോലെ നിന്റെ കാൽപാദങ്ങളെ പിളർക്കാൻ കെൽപ്പുള്ളവ. ആർപ്പുവിളികൾക്കിടയിൽ ദിശമാറിയൊഴുകിയ തോണി.  വാക്കുകൾ കൊണ്ട് പണിത അകലങ്ങൾ,  എത്ര പെട്ടെന്ന്,  എത്ര പെട്ടെന്ന് കഥയിറങ്ങിപ്പോകുന്നു,  വിജനമാകുന്ന താളുകൾ അവളുടെ കണ്ണുകളിൽ നിറയുന്ന വെളുത്ത ആകാശം
ചില ഭയപ്പാടുകളെ, മുറിവാഴങ്ങളെ കൈകുഞ്ഞുങ്ങളെയെന്ന പോലെ ചേർത്ത് പിടിക്കണം. അവ ചോരുകയെന്നാൽ, നീ അടരുക എന്നർത്ഥം.  മുറ്റം നിറയെ പെയ്തിറങ്ങിയ അത്തിക്കറകൾ നിന്നിലേയ്ക്ക് തിരികെ വരാതെ, ദൂരേയ്ക്ക് ദൂരയ്ക്ക് മാറി നിൽക്കും. മഴയായി പുഴയായി അതെങ്ങോ മറയുമ്പോൾ നിനക്ക് നിന്നെ നഷ്ട്ടപ്പെടും.  പിന്നാമ്പുറത്ത് വാരിയിട്ട ആക്രി വില്ക്കും പോലല്ല നിന്റെ നാഡികൾ കൈമാറ്റം ചെയ്യപ്പെടേണ്ടത്.  കൂടെയുണ്ടെന്നോരോ ഋതുവിലും ഓർമ്മപ്പെടുത്തും തൃഷ്ണ പോലെ,  നിന്റെ ജൽപനങ്ങൾ നിന്നോട് ചേർന്ന് നിൽക്കണം നീ പറഞ്ഞു തീർത്ത മനസ്സാഴങ്ങൾ കിളികൾ കൊത്തി പോകരുത്. വഴിവക്കിൽ, മറവിയിൽ, മറ്റാനന്ദങ്ങളിൽ അവ, നിന്നെപ്പോലെ, അനാഥമാക്കപ്പെടും. വാർന്നൊലിച്ചു നിൽക്കുന്ന നീ, ഒരിക്കലും, ഒരുപമയോളം  വളരില്ല

ഇരുളിനൊടുവിൽ ഇരുൾ മാത്രം.

എങ്ങോ പൊട്ടിമുളച്ച കൂണുകൾ പോലെ, ലോകമറിയാതെ രണ്ട് പേർ സുഹൃത്തുക്കളാവുക എന്നാൽ, ഒരു നിതാന്ത ശൈത്യത്തെ നെഞ്ചിലേൽക്കുക എന്നർത്ഥം.  രാവ് പകലാവുകയും, വീണ്ടും ഇരുളുകയും ചെയ്യുന്ന ചക്രവേഗങ്ങളിൽ,  കൈമാറുന്ന ആത്മഹർഷങ്ങൾ, മനസ്സിനെ നനുത്ത് പിൻമാറുന്ന ഉടൽ.  ഒറ്റവഴിയാകാശങ്ങളുടെ നിറങ്ങൾക്കിടയിലും ക്ഷണ വേഗത്തിൽ ചുരുങ്ങി പിടയുന്ന കാലം,   ഹൃദയമിടറുന്ന പടവുകൾ ശാശ്വതം എന്ന ദിശാസൂചിക,  രണ്ടടിയപ്പുറം കൊടിയിറങ്ങുന്നു. ഉത്സവ പറമ്പുകൾക്ക് മാത്രമറിയാവുന്ന ചില ശേഷിപ്പുകൾ. വാക്കുകളുടെ പെരുമഴയെന്നാൽ കടൽ മറന്ന് വെച്ച് പോയ നക്ഷത്രങ്ങൾ. അതിൽ നീയും, നീയും മാത്രമാകുന്ന അമ്പരപ്പുകൾ വീണ്ടും  വീണ്ടും.  ഒരു മഴയിൽ കുതിരാനുള്ളതേയുള്ളു ഈ വസന്തമെങ്കിൽ, പെണ്ണേ നിനക്കെന്തിനീ ഇളവെയിൽ?

ജലത്തിനുമീതെ പതിയുന്ന നിഴലുകൾ

ദീർഘഭാഷണങ്ങൾ ചെന്നിറങ്ങുന്നത്  മഞ്ഞുറഞ്ഞ മൗനങ്ങളിലേയ്ക്കാണ്. മഞ്ഞിലകൾ അടർന്ന് കാറ്റിലാടിപതിയും പോലെ, ഉറുമ്പുകൾ സന്ധിചേരും പോലെ, തികച്ചും  നിസ്സംഗമായി മനസ്സടർന്ന വാക്കുകൾ മണ്ണിൽ പൂഴ്ന്ന് കിടക്കും. ഓരോ യാത്രയ്ക്കും എത്തിപ്പെടാനാവാത്ത ദൂരങ്ങളുണ്ട്. കാൽപ്പാടുകൾ മാത്രമവശേഷിക്കുന്ന ഇരവുകൾ മലയിറങ്ങുന്ന ജടാധാരികൾ കരുതുന്ന ആകസ്മികതകൾ. യാത്രയിലുടനീളം വീശുന്ന തണുത്ത കാറ്റ്, നിറഞ്ഞ വേനലിൽ നിന്നടർന്നു വീണ മാമ്പൂവുകൾ, സന്ധ്യയിൽ നിന്ന് സന്ധ്യയിലേയ്ക്ക് കൂറ് മാറുന്ന ആകാശച്ചുവപ്പ് അവൾ കാട്ടിലേയ്ക്കുള്ള വഴിയിൽ കാടായി മാറുന്നവൾ.

കണ്ടെടുപ്പുകൾ

ഭൂമിയുടെ പിളർപ്പുകളിൽ മനുഷ്യർ സ്നേഹമന്വേഷിക്കുന്നു. ദിശയില്ലായ്മയിൽ, ഭൂമിക മാറുന്നതും കരകടലാകുന്നതും  കിളിക്കൂടുകൾ ഒഴിയുന്നതും അറിയാതെ, ശരവേഗങ്ങളിൽ  പതറുന്ന കൈവിരലുകൾ  വാക്കുകൾ കൊണ്ട് തീർക്കുന്ന പാലങ്ങൾ, ഒരു മഴയിൽ കുതിരുമ്പോൾ കാടുകളൊഴിയുന്നു.  കണ്ണിനുമീതെ കനലെന്ന പോലെ, വേനൽ നിന്റെ ധർമ്മം ആപേക്ഷികമെങ്കിലും ധർമ്മപുത്രരുടെ കാലടികളോടൊപ്പം  നീയും നിന്റെ ഋതുക്കളും. തിരിഞ്ഞുനോട്ടങ്ങളില്ലാത്ത ദുരവസ്ഥ.  കഥാബീജത്തെ കഥയിൽ തിരയുന്ന വായന പോലെ നിന്റെ അന്വേഷണങ്ങൾ ഒരേ വഴിത്താരയിൽ വീണ്ടും വീണ്ടും. നിത്യയാത്രികയുടെ പൊരുൾ ഒരുവേള തിരിച്ചറിയുകയെന്നാൽ, ഭൂമിയിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ  ചിരി മായാത്ത പൂങ്കാവനങ്ങൾ തേടുകയെന്നർത്ഥം. 

നിശ്ചലത

ഒടുവിൽ നീ കണക്കെടുക്കുമ്പോൾ, നഷ്ട്ടങ്ങളെക്കുറിച്ച് ചിന്തിക്കയരുത് കായലിൽ നിന്ന് കടലിലേയ്ക്കുള്ള ദൂരമത്രേ നിന്റെ ചേതനയും നിശ്ചലതയ്ക്കുമിടയിൽ. വേനൽമഴയോളം അപ്രതീക്ഷിതം, മനുഷ്യർ കൊഴിയുന്ന മാത്രകൾ നീ തേടിയ തുരുത്തുകൾ പ്രളയത്തിനു മീതെ ഒഴുകുന്ന രാജ്യങ്ങൾ.  എഴുത്തിനൊടുവിലെ  മറവി പോലെ, പെയ്തൊഴിഞ്ഞ  മേഘം പോലെ,  നിശ്ചലത. വാക്കുകൾ, വർണ്ണങ്ങൾ  വഴിയിലുപേക്ഷിച്ചു പോരുന്ന കുഞ്ഞുങ്ങൾ.  ഹൃദയമുള്ള ഭ്രാന്തിനുമീതെ പറക്കുന്ന, മിടുപ്പുകെട്ട ആലസ്യങ്ങൾ കരയിലേയ്ക്ക് അടുക്കുവാൻ മടിക്കുന്ന കപ്പലുകൾ സാദ്ധ്യമാക്കുന്ന മുങ്ങാങ്കുഴികൾ കെട്ടിക്കിടപ്പിൽ ചണ്ടിയാകുന്ന, ജീവനോടെ മരണപ്പെടുന്ന പ്രണയങ്ങൾ.

ശേഷം

മുഖത്തിന് നേരെ പിടിക്കുന്ന കണ്ണാടിയിൽ കണ്ണുകൾക്ക് പകരം ഇടതൂർന്ന ഒരു നടപ്പാത കാണുന്നു എന്ന് കരുതുക അതിൽ നിന്റെ കാലടികൾക്ക് സമാന്തരമായി കരിയിലകളുടെ നീണ്ട നിര കാണാം ഓരോ നിശ്ചലതയിലും മഴക്കാടുകൾ തേടിയുള്ള യാത്രയുടെ ഒടുങ്ങാത്ത തുടക്കങ്ങൾ.  ഇമകൾക്കിടയിൽ പ്രളയത്തിന്റെ മുന്നൊരുക്കങ്ങൾ, വേനലായി മാറുന്ന ധമനികൾ. ഭൂപടങ്ങൾ തേടിയുള്ള യാത്രയിൽ നീ ഉരിഞ്ഞിടുന്ന കാലം പിന്നീട് വിടരാൻ ഒരു പൂമൊട്ടു പോലും നീ ബാക്കി വെച്ചിട്ടില്ലെന്നിരിക്കേ നിന്റെ ശൈത്യം നിന്നിലേയ്ക്ക് തന്നെ തിരികെ വന്നുകൊണ്ടേയിരിക്കും ഉടയുന്ന കണ്ണാടി ചില്ല്, ദിശയറിയാ കണ്ണുകളായിരം കൂട്ടിമുട്ടുന്ന പാതകൾ, വഴികളടഞ്ഞ് വഴികൾ പിൻവാങ്ങുന്ന കാഴ്ച്ച ശേഷം ചിന്തനീയം

നിശബ്ദം

കടിച്ചുപിടിക്കുന്ന ചുണ്ടുകൾക്കിടയിൽ കുടുങ്ങുന്ന ശബ്ദമാണ് ഭൂകമ്പമാകുന്നത്. അവയുടെ പരികല്പനകൾ എഴുതാത്ത ഗീതങ്ങളും അറിയാത്ത ലോകങ്ങളും. കാലടികൾ കൊണ്ട് മാത്രം അളക്കാവുന്ന നഷ്ട്ടങ്ങൾ സ്മൃതിയുടെ നേർരേഖകൾ മൂർച്ചയേറിയ വാൾമുന വിജാഗിരികൾ കടത്തിവിടുന്ന പ്രകാശഗതികൾ. കഥകൾ ഏറും തോറും മായുന്ന യവനിക, ഇറങ്ങി നടക്കുന്ന കഥാതന്തുക്കൾ, രംഗബോധമില്ലാത്ത കഥാപാത്രങ്ങൾ യുദ്ധഭൂമിയിലെ മനുഷ്യ പൂക്കളങ്ങൾ, കഥനങ്ങൾ, മഴ പെറാത്ത മേഘങ്ങൾ. കൂരിരുട്ടിനും ആഴക്കടലിനും തമ്മിൽ എന്ത് ബന്ധം എന്നാലോചിച്ചാൽ, അന്ധതയെന്നോ വേദനയെന്നോ പറയാത്തവരുടെ ഭാഷയാണെന്റെ വെളിച്ചം. പുറപ്പെടാത്ത ശബ്ദങ്ങൾ സന്ധ്യയുടെ നിറമായി നിന്നിൽ പടരുന്നത് കാണാം ഭൂമിയെ പിളർക്കാതെ നിന്റെ ലോകം തേടാൻ നീയൊരു കടൽക്കര വിലയ്ക്ക് വാങ്ങണം നഗരത്തിന്റ വെയിലറുതികൾ നിഴലായി കോറിയിടണം. ഉള്ളിലുടക്കുന്ന അലമുറകൾ  തലതല്ലി, തിരയടിച്ചു നിന്നിൽ നിന്നിറങ്ങി ആകാശമായും, പിന്നീട് മഹാസമുദ്രമായും രൂപാന്തരപ്പെടും.  അന്നു നീ എഴുതുക, നീറി മരിച്ച നിശബ്ദതയെ കുറിച്ച്

വിളിക്കാൻ മറന്നവ

തെറി വിളി രാഷ്ട്രീയമാക്കിയ ഒരുവളുണ്ടായിരുന്നു. പശുവിന് കാടി കലക്കുമ്പോളും തുണി അലക്കുമ്പോളും മുറ്റമടിക്കുമ്പോളും ചന്തയിൽ കവടി നിരത്തുമ്പോളും അവൾ ആരോഹണാവരോഹണങ്ങളിൽ തെറി വിളിച്ചു പോന്നു. ചീറി നിന്ന അവളെ പ്രാപിക്കയെന്നാൽ കൊടുമുടികളെ കീഴടക്കുക എന്ന് ചിലർ വ്യാമോഹപ്പെട്ടു. എന്നാൽ, മനുഷ്യനടുക്കാത്ത തമോഗർത്തങ്ങൾ പോലെ അവൾ കനത്തു നിന്നു. ജീവിക്കയെന്നാൽ, മുൻപേ പറക്കുന്ന കാലത്തെ മൂന്നണയ്ക്ക് വിൽക്കുക എന്നവൾ തീർത്തു പറഞ്ഞു. അവളുടെ പ്രതലങ്ങളിൽ പൊട്ടി വിടർന്ന സന്ധ്യകളെ അവൾ നാടു കടത്തി. പാറപോലുറച്ചവൾക്കുള്ളിലെ തെളിമ എന്ന ശാസനം പുച്ഛിച്ചു തള്ളി അവൾ തെറി ഭജിച്ചു. അവൾ പുലമ്പിയ തെറികളത്രെ അവൾ നടത്തിയ യുദ്ധങ്ങൾ. അതിർത്തികൾ കോറിയിട്ടു സാമ്രാജ്യം പകുത്തവൾ മറുപകുതിയിൽ വിശാലമായ രാത്രിയായി. കൂമനും കുറുകലിനുമിടയിൽ അവൾ ഇറങ്ങി നടന്നു. നാട്ടുവഴികളുടെ നനവ് അവളുടെ പാദങ്ങളിലെന്നോണം, ആകാശം കായ്ക്കുന്ന കണ്ണിമകൾ ദിവാസ്വപ്നങ്ങൾക്കെത്ര ദൂരം സഞ്ചരിക്കാനാവുമെന്നവളോട് ചോദിച്ചാൽ പറയും, ആട്ടി തുപ്പിയ കാലങ്ങളെ കോർത്തിണക്കി നോക്കാൻ.

മടക്കമില്ലാത്ത യാത്രകൾ

വേനലിന്റെ കാൻവാസിലെ ഉണങ്ങിയ ചെമ്പൻ വരകളിൽ നിന്നടർന്നു വീഴുന്ന ബിന്ദുക്കൾ, ഒന്നിനു പിറകെ ഒന്നായി പറന്നകലുന്ന പക്ഷിക്കൂട്ടം. സന്ധ്യയുടെ മണമെന്നാൽ, ജനാലയിൽ നിന്ന് കടലിലേയ്ക്കുള്ള ദൂരം. ഓരോ കാറ്റും ഓരോ കാലം ചിലപ്പോൾ ഒന്നിനു മേലെ ഒന്നായി മുഖങ്ങൾ, നീയും നിന്റെ ആവർത്തനങ്ങളും ഉത്ഭവങ്ങൾക്കും യാഥാർത്ഥ്യത്തിനും ചരിത്രമില്ലാത്ത പക്ഷം,  വിഭ്രാന്തികൾ കാട്ടിലേയ്ക്കുള്ള മടക്കങ്ങളുടെ ഉപമപേറാത്ത സത്യാനന്തരം. കല്ലിച്ച മുലഞെട്ടുകൾ, ഒഴുക്കാത്ത ദ്രാവകം, നിന്റെ വിശപ്പ് എന്റെയും.

പ്രേരണകൾക്ക് പറയുവാനുള്ളത്

ആത്മഹത്യ ഒരു പ്രേരണയായി പിറകേ കുടുമ്പോൾ, തയ്യാറായി ഇരിക്കണം. മുറികൾ അടുക്കിപ്പെറുക്കി  ശ്വാസോച്ഛ്വാസം തിരിച്ചറിയാവുന്ന തരത്തിൽ തെളിമയോടെ വെയ്ക്കണം. കടന്നു വരുന്ന ഓരോരുത്തർക്കും വീടിനുള്ളിലെ, വൃത്തിയുടെ ജീവനില്ലായ്മ അനുഭവമാകണം. കൂട്ടുകാരോട് പറയാൻ ഒന്നും ബാക്കിയില്ലെന്നിരിക്കെ, അവരെ ഓർക്കേണ്ടതില്ല. എന്നാൽ, വാക്കുകളിൽ കുറുകൽ ഒളിച്ചു കടത്തുന്ന സൗഹൃദങ്ങൾക്കു മീതെ വെള്ളയടിക്കുക. പൊട്ടി വിടരാൻ ഒന്നുമില്ലാത്ത വെള്ളയുടെ ജീവനില്ലായ്മകൾ. പൂച്ചക്കുട്ടികളെയെന്ന പോലെ  കുഞ്ഞുങ്ങളേയും, ഓർക്കേണ്ടതില്ല. അലിവുകളെ അപനിർമ്മിക്കാൻ കാലത്തിനാവും. വീണ്ടും തയ്യാറെടുക്കുമ്പോൾ ചെടികൾ നനയ്ക്കുക്കുവാൻ മറക്കരുത്. വേനലിലെ അവസാന ജലകണിക പോലെ, നീ നിറയുന്ന സന്ധ്യകൾ ഒരു വൈകുന്നേരമെങ്കിലും ഒറ്റയ്ക്ക് നടക്കാൻ ഇറങ്ങുക. വഴികൾക്കുമേലെ വഴികൾ വന്ന് നിറയുമ്പോൾ മനുഷ്യന്റെ വേഗതയെ ഒന്ന് തൊട്ട്, നീ പിൻവാങ്ങുക. ആത്മവും ഹർഷവും വേർപിരിയുന്ന ഗോവണിക്കെട്ടിൽ കാലത്തിന്റെ പോക്കുവരവുകൾക്കിടയിൽ നിന്റെ കാമനകൾ കാറ്റിലാടും. ആത്മഹത്യ ഒരു കുറ്റമല്ലന്നിരിക്കെ, ഒരു ആകർഷണവും തോന്നാന്നില്ല എങ്കിലും, പിറകേ കൂടുന്ന നിഴ...

ഏകാകിയുടെ മാതൃകകൾ

സ്വയംഭോഗത്തിനൊടുവിൽ പുകയില ഗന്ധമായി രൂപാന്തരപ്പെടുന്നവൾ ഏകാന്തയുടെ ഉപമ പേറുന്നു. അവളിലേയ്ക്ക് സ്വരുക്കൂടുന്ന  ദിക്കുകൾ, അടർന്നു വീണ കാലടികളുടെ ദൂരത്തെ സ്വന്തം തോലിൻപുറത്ത് അടയാളപ്പെടുത്തുന്നു. ഒറ്റപദങ്ങൾ കണ്ടെത്താനാകാത്ത സങ്കീർണതകൾ, ആകാശവും ഭൂമിയും അവയുടെ പേറുകളും കണ്ണിലുടക്കുന്ന ജലകണത്തെ കനൽ ചുവപ്പിന്റെ കാഴ്ച്ചയാക്കുക കടലിലേയ്ക്കുള്ള ദൂരത്തെ ചാലു വെട്ടി തെളിക്കുക നിന്നിലേയ്ക്ക് നീ വന്ന് നിറയുമ്പോൾ, വാക്കുകൾക്ക് അർത്ഥാന്തരം വന്നുവെന്ന് നീ തിരിച്ചറിയും.  ആഴമില്ലാ കയത്തിൽ മുങ്ങി മരിക്കേണ്ടി വരുന്നതിന്റെ വ്യർത്ഥ സൂചകം, ഓരോ ഇംഗിതവും കടൽ കാക്കകൾ പിൻ വാങ്ങിയ നിശയിൽ, നിന്നിലെ ചുവപ്പിന് കാടെരിയുന്ന മണമായിരുന്നു

കവിതയാകുന്നവൾ

ഒരുവളുടെ ഭാഷ അവളുടെ നിഴൽ കുത്തുകളുടെ അടയാളമാണ്  അടുപ്പ് കൂട്ടിയും  പിന്നെയും പെറ്റും, തൊഴിലെടുത്തും പല ദിക്കുകളിലേയ്ക്ക് വാർന്നൊഴുകിയും, അവൾ സ്വരുകൂട്ടുന്ന  അക്ഷര പിശകുകൾ.  വ്യാകരണ തെറ്റുകളുടെ പല ഭാഷകൾ സംസാരിച്ച്  ഭാഷയില്ലാതായിത്തീർന്നവൾ.  അവളുടെ ലിഖിതങ്ങൾ, മൊഴി മാറ്റങ്ങളെ അസാധുവാക്കുന്ന ഭാഷാശാസ്ത്രം. പേറൊന്നിന് കുളിയും തീണ്ടാരിത്തുണികളും എന്ന രൂപകത്തിൽ നിന്ന്  കവിതകളുടെ തീണ്ടാരിപ്പെരുമഴയിലേയ്ക്കവൾ നടന്നു കയറുമ്പോൾ, ഭാഷയുടെ കയങ്ങളിലവൾ ആർത്തുലയുന്നതു കാണാം നിന്റെ വരികൾക്കുമീതെ അവൾ ചോര തുപ്പുമ്പോൾ, കരുതിക്കോളൂ, നിന്റെ അക്ഷരവടിവുകളുടെ വിപ്ലവത്തെ അവൾ ചേറ് കൊണ്ട് മൂടിയെന്ന്.  അവൾ നെയ്ത ദിനരാത്രങ്ങൾ, തെളിഞ്ഞെരിയുന്ന കണ്ണിമകൾ നടവഴിയുടെ കഥനങ്ങൾ അക്ഷരങ്ങൾ നിന്റെ ഭൂപടം മുങ്ങിത്താഴുന്ന സമുദ്രരസം, അവളുടെ വാക്കോർമ്മകൾ. 

ഒറ്റവഴിയാകാശങ്ങൾ

ഒറ്റയടിപ്പാതകൾക്കൊരു ചരിത്രമുണ്ട്, ഉൻമാദിയുടെ ചങ്ങലപ്പാടു പോലെ മുന്നിൽ ഉദയവും പിന്നിൽ സുവർണ്ണാകാശവും ഇന്നലെകൾ വൻമരമായി,  കലയായി, കാടായി നിന്നിലേയ്ക്കൊഴുകി വരും. കാറ്റിലുലയാത്ത നിന്റെ ശിഖരങ്ങൾ, കനലാകുന്ന കാലടികൾ നിന്റെ യാത്രകൾക്ക് മടക്കങ്ങളില്ല അവ ഒന്നിലും അലിയുന്നുമില്ല. വിദൂര നക്ഷത്രം പോലെ എന്ന പാഴുപമയുമില്ല. നിശ്ചലതയെ പിഴുതെറിയുന്ന ചലനങ്ങൾ മാത്രം ഗതിയില്ലാത്ത നാട്ടുവഴികളിലെ പുല്ലുകിളിർക്കാത്ത കോമരങ്ങൾ

മദ്ധ്യേയിങ്ങനെയിങ്ങനെ

പുഴയറിയാതെ, ഒരു തോണിയിൽ നിന്ന്, മറ്റൊന്നിലേയ്ക്ക് മാറിക്കയറണം ശ്വാസം പോലെ ഓളങ്ങൾ,   കാൽവെപ്പുകളുടെ താളം. കരയിലേയ്ക്ക് മടങ്ങുന്ന തോണിയിൽ ബാക്കിയാകുന്ന നിലാവ്.  ഒഴിഞ്ഞ മാറിടങ്ങൾ, നിനയ്ക്കാത്ത രാവുകൾ.  കരുതിവെച്ച സന്ധ്യകൾ. പുഴയറിയാത്ത യാത്രയിൽ  ദൂരക്കാഴ്ച്ചകളിലെ അപേക്ഷിക്ക സിദ്ധാന്തങ്ങൾ,  നേരമിരുളാത്ത രാപ്പകലുകൾ വസന്തം, വാക്കായി മുനയായി,  ഒരാൾരൂപം. വീണ്ടും, യാത്രയിലിടനേരം കാറ്റിലുഴയുന്ന തോണികൾ. നിറച്ചാർത്തുകൾ. പുഴ തേടുന്ന തോണി ഓളങ്ങൾ തേടും പുഴ

ആവർത്തനങ്ങൾ

സഹസ്രാബ്ദങ്ങൾ ഒറ്റ പുക ചുരുളിൽ വിടരുന്ന ഒരു കാലമുണ്ട്. അന്ന് നീ, ഇന്നും നീ അരയാലുപോലെ. വലിയ ചതിപ്പുകളുടെ ഒത്ത മധ്യം. കാലം കരുതിവെയ്ക്കുന്ന ആവർത്തനങ്ങൾ. നീണ്ട വർത്തമാനങ്ങൾക്കൊടുവിൽ പുറപ്പെട്ട് പോകുന്ന വാക്കുകൾ, തുന്നൽ വിട്ട വിരലടുപ്പങ്ങൾ സ്വന്തമാക്കാനാഗ്രഹിച്ച കണ്ണടയ്ക്കുന്ന പാവയ്ക്കും ഇന്നവനിലെ അന്ധതയ്ക്കും ഒരേ രുചി

മറയുവോളം

നീന്താൻ അറിയുന്നവർ കടലിലേയ്ക്ക് നടക്കരുത് അവർ, മരങ്ങൾക്കിടയിൽ മുങ്ങിത്താഴാൻ ശ്രമിക്കുക ചാഞ്ഞ് വരുന്ന ചില്ലകളേയോ ചെറു കാറ്റിലകളെയോ കാണരുത്, കണ്ണുകളെ കടലാക്കുക കുഞ്ഞുനാളിലെ ഊഞ്ഞാൽ യാത്രകളിലെന്നോണം വെളിച്ചത്തിന് കുറുകെ പറന്നുയരുക കരിയിലകൾ, കരിയിലകൾ മാത്രമാണ് നിന്നെ ആരും തിരികെ വിളിക്കാനില്ല കായലും കടലും എന്നോണം നീയും ആകാശമാവുക. മറയുക. അതിർത്തികൾ താണ്ടുമ്പോൾ താഴെ നിലാവു കാണാം നടന്നിറങ്ങിയ വഴികൾ പാതിയിൽ കുന്നായി മാറിയതു കണ്ടാൽ നീ തിരികെ പോരുക ഒരു അഭയാർത്ഥിയുടെ യുഗം കഴിഞ്ഞെങ്കിൽ, മടങ്ങുക കാട്ടിലേയ്ക്ക്, പച്ചയുടെ രതിമൂർച്ചകളിൽ നീ ഒരു മറവിയാവുക